എന്താണ് ഉദാരവത്ക്കരണം?

സമ്പദ്‌ഘടനയും ജനജീവിതവുമായി ബന്ധപ്പെട്ട്‌ ഇതിനകം രൂപപ്പെട്ടുവന്നതും സർക്കാർ നടപ്പാക്കിക്കൊണ്ടിരുന്നതുമായ സാമൂഹ്യ-നിയന്ത്രണ പരിപാടികള്‍ (പ്രത്യേകിച്ചും നിയമങ്ങളും ചട്ടങ്ങളും) ഘട്ടംഘട്ടമായി ഇല്ലാതാക്കിക്കൊണ്ടിരിക്കുന്ന പ്രക്രിയയാണ്‌ പൊതുവിൽ ഉദാരവത്‌കരണം എന്നറിയപ്പെടുന്നത്‌. പുത്തന്‍ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഭാഗമായിട്ടാണ്‌ ഉദാരവത്‌കരണം കൂടുതൽ വിപുലപ്പെട്ടത്‌. ഇതോടൊപ്പമുള്ള മറ്റു പരിപാടികളാണ്‌ ആഗോളവത്‌കരണം, സ്വകാര്യവത്‌കരണം എന്നിവ. ഇവ മൂന്നും ചേർത്ത പദ്ധതിക്കാണ്‌ നവ ഉദാരവത്‌കരണം അഥവാ നിയോലിബറലിസം എന്ന്‌ പറയുന്നത്‌.

നിലവിലുള്ള ഒട്ടേറെ നിയമങ്ങള്‍ സുഗമമായ സാമ്പത്തിക പ്രവർത്തനങ്ങള്‍ക്ക്‌ വിവിധരീതിയിൽ തടസം സൃഷ്‌ടിക്കുന്നുണ്ട്‌. വർഷങ്ങളായി തുടർന്നുവരുന്ന ഈ രീതിയെ "ലൈസന്‍സ്‌ രാജ്‌' എന്നാണ്‌ പറയുന്നത്‌. ഇത്തരം "തടസ്സ'ങ്ങള്‍ ഉദ്യോഗസ്ഥ സംവിധാനങ്ങള്‍ക്ക്‌ അനാവശ്യമായ പ്രതിബന്ധങ്ങള്‍ ഉണ്ടാക്കാന്‍ ഇടനൽകുന്നു. അതിനാൽ അവയൊക്കെ ഒഴിവാക്കി ആധുനിക സാധ്യതകളെ പൂർണമായി ഉപയോഗപ്പെടുത്താന്‍ ഉത്‌പാദകരെയും ഇതര സംരംഭകരെയും സഹായിക്കുകയും ഭരണസംവിധാനങ്ങളെ ഇത്തരം ഘടനാപരമായ മാറ്റങ്ങള്‍ക്ക്‌ അനുപൂരകമാക്കി മാറ്റുകയുമാണ്‌ ഉദാരവത്‌കരണ പ്രക്രിയ വഴി നടക്കുന്നത്‌.

സർക്കാരും പൊതുസംവിധാനങ്ങളും മാത്രമല്ല, സ്വകാര്യ മൂലധനവും വ്യക്തികളായ സംരംഭകരും സാമ്പത്തിക വികസന പ്രക്രിയയിൽ അനിവാര്യമാണ്‌. നിലവിലുള്ളതും വർഷങ്ങളായി തുടർന്നുവരുന്നതുമായ നിബന്ധനകള്‍ മിക്കതും സ്വകാര്യ മൂലധനത്തിന്റെ ഇടപെടലിനെ നിരുത്സാഹപ്പെടുത്തുന്നതാണ്‌. ഇതുതന്നെയാണ്‌ വിദേശ പങ്കാളിത്തത്തിന്റെയും സ്ഥിതി. വിദേശമൂലധന ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന പ്രതിരോധങ്ങളായാണ്‌ ധനകാര്യരംഗത്തെ മിക്ക നിയമങ്ങളും ഫലത്തിൽ പ്രവർത്തിക്കുന്നത്‌. ഇത്‌ വിദേശനാണയ പ്രതിസന്ധിക്കുപോലും പലപ്പോഴും ഇടയാക്കുന്നുണ്ട്‌. ആധുനിക സാങ്കേതികവിദ്യയും വൈദഗ്‌ധ്യവും ലഭ്യമാക്കാനും ഒപ്പം വിദേശ മൂലധനനിക്ഷേപസാധ്യതകള്‍ ഉയർത്താനും, അതുവഴി സമ്പദ്‌ഘടനയുടെ വളർച്ച ത്വരിതപ്പെടുത്താനും പുതിയ സമീപനങ്ങള്‍ ആവശ്യമാണ്‌. അത്തരം പുതിയ നിലപാടുകളാണ്‌ ഉദാരവത്‌കരണ പ്രക്രിയകൊണ്ട്‌ ലക്ഷ്യമാക്കുന്നത്‌.

Post a Comment

0 Comments

Close Menu