എന്താണ് പ്ളൈഡ് നൂലുകൾ?

രണ്ടോ അതിലധികമോ ഒരിഴ നൂലുകളെ ഒരുമിച്ച് പിരിച്ചുനിർമ്മിക്കുന്നവയാണിവ. പ്ളൈഡ് നൂലുകൾ, ഫോൾഡഡ് നൂലുകൾ എന്നും ഇവയെ വിളിക്കാറുണ്ട്. ഒരേ ദിശയിൽ പിരിയുള്ള ഒരിഴ നൂലുകളെ നേർ വിപരീത ദിശയിൽ പിരിച്ചുചേർത്താണ് പൊതുവേ ഇവ നിർമ്മിക്കാറുള്ളത്. ഇതിനുപകരം നാരുകളുടേയും ഇഴകളുടേയും പിരികൾ ഒരേ ദിശയിലാണെങ്കിൽ നൂല് കൂടുതൽ പരുപരുത്തതും ദൃഢതരവും ആയിത്തീരും. വ്യവസായ ആവശ്യങ്ങൾക്കായുള്ള കനമേറിയ തുണിത്തരങ്ങൾ, വളരെ ലോലമായ തുണിത്തരങ്ങൾ (sheer fabrics) മുതലായവയുടെ ഉത്പാദനത്തിനാണ് പ്ളൈ നാരുകൾ പ്രയോജനപ്പെടുന്നത്. ചരട് നൂല് (cord yarn)


പ്ലൈ നൂലുകൾ ചേർത്ത് പിരിച്ചാണ് ചരടുകൾ നിർമ്മിക്കുന്നത്. പൊതുവേ അവസാനത്തെ പിരിയുടെ ദിശ ക്രമീകരിക്കുന്നത് പ്ളൈ നൂലുകളുടെ പിരി-ദിശയ്ക്ക് വിപരീതമായിട്ടായിരിക്കും. ഇവയെ വീണ്ടും കേബിൾ നൂല്, ഹവ്സ്റ്റെർ നൂല് എന്ന് രണ്ടായി വർഗീകരിക്കാം. S-പിരിയുള്ള ഒരിഴ നൂലുകളെ Z- പിരിയുള്ള പ്ളൈകളാക്കി അവയെ S- പിരിമൂലം ഒരുമിച്ച് ചേർത്ത് SZS രൂപത്തിൽ തയ്യാറാക്കുന്നവയാണ് കേബിൾ നൂലുകൾ. SSZ അല്ലെങ്കിൽ ZZS രീതിയിൽ മെനഞ്ഞെടുക്കുന്നവയാണ് ഹവ്സ്റ്റെർ നൂലുകൾ. വ്യവസായ ആവശ്യങ്ങൾക്കുള്ള വളരെ കനമേറിയ തുണിത്തരങ്ങൾ, വളരെ നേർമയുള്ള നാരുകൾകൊണ്ടുള്ള ഷീർ തുണിത്തരങ്ങൾ, വടം, ട്വൈൻ (twine) മുതലായവയുടെ നിർമ്മാണത്തിന് ചരടു നൂലുകൾ ഉപയോഗിക്കുന്നു. നോവൽറ്റി നൂലുകൾ

തികച്ചും പ്രത്യേകമായ രീതിയിൽ തയ്യാറാക്കുന്നവയാണ് 'നോവൽറ്റി' നൂലുകൾ. പ്രകൃതിദത്ത നാരുകളുടെ സ്വഭാവവിശേഷം പൂർണമായും നിലനിർത്തിക്കൊണ്ട് മനുഷ്യനിർമിത നാരുകളിൽ ആവശ്യമായ സവിശേഷതകൾ സൃഷ്ടിച്ച് ഇവ രണ്ടും ചേർത്ത് നോവൽറ്റി നൂലുകൾ തയ്യാറാക്കുന്നു. ടെക്സ്ചേഡ് നൂല് (textured yarn), സ്ട്രെച്ച് നൂല് (strech yarn), മെറ്റാലിക് നൂല് (metallic yarn) മുതലായവ നോവൽറ്റി നൂലുകൾ എന്ന ഇനത്തിൽപ്പെടുന്നവയാണ്. ടെക്സ്ചേഡ് നൂല്

സുതാര്യത, വഴുതൽ (തെന്നൽ), പില്ലിങ് (നാരുകൾ ചുരുണ്ടുകൂടി വസ്ത്രത്തിന്റെ പ്രതലത്തിൽ ചെറിയ കുരുക്കുകൾ ഉണ്ടാക്കുന്ന അവസ്ഥ), എന്നിവ കുറയ്ക്കാനായി കൃത്രിമ നാരുകളെയാണ് ആദ്യകാലങ്ങളിൽ ടെക്സ്ചെറിങ് പ്രക്രിയയ്ക്കു വിധേയമാക്കിയിരുന്നത്. ഇതിലൂടെ നൂലുകൾക്ക് വർധിച്ച അതാര്യതയും (opaque), ഇഴ ഗുണവും, രൂപവും, സ്വാംശീകരണശേഷിയും (absorbency) ലഭ്യമാവുന്നു. ഇതിനായി നാരുകളെ കൃത്രിമമായി പ്രത്യേക രൂപത്തിൽ ക്രമീകരിക്കേണ്ടതുണ്ട്. (ചിത്രം-3). നാരുകളുടെ പ്രതലത്തെ പരുപരുത്തതാക്കുകയോ അവയിൽ വ്യത്യസ്ത ഇടവേളകളിൽ പോറലേൽപ്പിക്കുകയോ ചെയ്തശേഷം അവയെ പിരിച്ച് നിർമ്മിക്കുന്നവയാണ് അബ്രേഡെഡ് നൂല് (abraded yarn).


നൂലിൽ വായു തങ്ങിനിർത്താനായി കൃത്രിമ വായു അറകൾ സൃഷ്ടിക്കുന്നത് 'ബൾക്കിങ്ങി'ലൂടെയാണ് (bulking). നൂലിലെ വായു സഞ്ചാരസൗകര്യവും (ventilation) സ്വാംശീകരണശേഷിയും ഇതുമൂലം വർധിക്കുന്നു. ക്രിംപിങ്/കേളിങ്/കോയിലിങ് സംവിധാനങ്ങൾ ഇതിനു സഹായിക്കുന്നു. താപം അല്ലെങ്കിൽ രാസപദാർഥം ഉപയോഗിച്ച് ഇതു നടപ്പാക്കാം.

1970-കളിൽ പരക്കെ നിലനിന്ന ഒരു 'ബൽക്കിങ്' രീതിയാണ് 'ഫാൾസ് ട്വിസ്റ്റ്' സംവിധാനം. ഫിലമെന്റുകളെ പിരിച്ച് ഉറപ്പിച്ചശേഷം വിപരീത ദിശയിൽ പിരിച്ച് പിരികൾ ഇല്ലാതാക്കി വീണ്ടും ചൂടാക്കുന്നു. ഇതുമൂലം നൂലിലെ പിരികൾ ഇല്ലാതാക്കുകയോ ദൃഢതരമാക്കുകയോ ചെയ്യുന്നു. നൈലോൺ നൂലാണെങ്കിൽ അതിനു സ്റ്റഫിങ് ബോക്സ് പ്രക്രിയയ്ക്കു വിധേയമാക്കുന്നു. ചൂടാക്കിയ ഒരു കുഴലിൽ വച്ച് ഫിലമെന്റുകളെ സമ്മർദ വിധേയമാക്കി അല്പം ചുളിവ് നൽകി സാവധാനം പുറത്തേക്കു വലിച്ചെടുക്കുന്നതാണ് ഈ രീതി.

കൂടിയ അളവിലും കുറഞ്ഞ അളവിലും ചുരുങ്ങുന്ന ഫിലമെന്റുകളെ ഉൾപ്പെടുത്തി നൂല് നിർമിച്ചശേഷം നീരാവി പതിപ്പിക്കുകയോ കഴുകുകയോ ചെയ്യുന്നു. തദവസരത്തിൽ ഉയർന്നതോതിൽ ചുരുങ്ങുന്ന നാരുകൾ പെട്ടെന്ന് വലിഞ്ഞുമുറുകി 'ബൾക്കിങ്' നടക്കുന്നു. ഒരു അറയിൽ നൂലുകളെ അടുക്കി അവയിലൂടെ സമ്മർദിത വായു ജെറ്റ് രൂപത്തിൽ കടത്തിവിടുമ്പോൾ നൂലിലെ നാരുകൾ വ്യത്യസ്ത ദിശകളിലായി (random) വലയ രൂപത്തിൽ ക്രമീകരിക്കപ്പെടുന്നു. ഈ വലയങ്ങൾ തമ്മിൽ വിടവും ഉണ്ടാകാറുണ്ട്. തന്മൂലം നൂലിൽ കൂടുതൽ വായു അറകൾ സൃഷ്ടിക്കപ്പെടുന്നു; ഇത് അതിന്റെ സ്വാംശീകരണശേഷിയേയും ഉയർത്തുന്നു. സ്ട്രെച് നൂല്

തുടർച്ചയായുള്ള കൃത്രിമ ഫിലമെന്റുകളെ വളരെ ഞെരുക്കത്തിൽ പിരിച്ച് താപവിധേയമാക്കി ഉറപ്പിച്ചശേഷം (set) വിപരീതദിശയിലായി പിരിച്ച് അവയിലെ പിരികൾ നീക്കം ചെയ്യുന്നു. ഇതുമൂലം നൂല് സ്പ്രിങുപോലുള്ള ഒരു സവിശേഷസ്വഭാവം കൈവരിക്കുന്നു.

ഒരു ഇലാസ്തിക (elastic) പദാർഥത്തെ മുഖ്യ ഘടകമായി ഉപയോഗിച്ച് അതിനെ പ്രകൃതിദത്തമോ കൃത്രിമമോ ആയതും വലിയാത്തതുമായ നാരുകൊണ്ട് പൊതിഞ്ഞും സ്ട്രെച്ച് നൂലുകൾ തയ്യാറാക്കാറുണ്ട്. പ്രകൃതിദത്ത നാരുകളിൽ ഇലാസ്തികത സൃഷ്ടിച്ച് സ്ട്രെച്ച് നൂല് നിർമ്മിക്കുന്നതിനെക്കാളേറെ മെച്ചം മേൽപ്പറഞ്ഞ രീതിയിലൂടെയുള്ള നൂൽ നിർമ്മാണമാണ്.

Post a Comment

0 Comments

Close Menu