Ad Code

Responsive Advertisement

ടെക്സ്റ്റൈൽ ടെക്നോളജിയുടെ ചരിത്രം

തുണിത്തരങ്ങളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യ. നെയ്യുക എന്നർഥം വരുന്ന ലാറ്റിൻ പദമായ 'ടെക്സെറേ'യിൽ നിന്നാണ് 'ടെക്സ്റ്റൈൽ' എന്ന വാക്ക് നിക്ഷ്പന്നമായിട്ടുള്ളത്. വസ്ത്രങ്ങളായി രൂപാന്തരപ്പെടുത്താവുന്ന ഏതു തരം പദാർഥത്തേയും അങ്ങനെ നിർമ്മിക്കപ്പെടുന്ന തുണിത്തരത്തേയും 'ടെക്സ്റ്റൈൽ' എന്ന പദം കൊണ്ട് വിവക്ഷിക്കാറുണ്ട്.
ആദ്യകാല ടെക്സ്റ്റെൽ ഉത്പന്നങ്ങൾ നൂലുപയോഗിച്ചുണ്ടാക്കിയ വലകളാവണം എന്നാണ് കരുതപ്പെടുന്നത്. ചരിത്രാതീതകാലത്തെ ആഫ്രിക്കാക്കാരും പെറുവിയന്മാരും ഇത്തരം വലകൾ മെനഞ്ഞിരുന്നതായി അനുമാനിക്കപ്പെടുന്നു. അവർ ആദ്യകാലത്ത് കുടകളും മറ്റും ഉണ്ടാക്കിയിരിക്കാം. പക്ഷേ പെട്ടെന്ന് നശിച്ചുപോകുന്നവ ആയതിനാൽ ഇന്നവയെപ്പറ്റിയുള്ള തെളിവുകളൊന്നും പ്രാപ്തമല്ല. നെയ്ത്തിന്റെ ആദ്യകാല തെളിവുകളുള്ളത് ഏകദേശം 5000 ബി.സി.യിലെ നിയോലിതിക് സംസ്കാരത്തിലാണ്. നൂൽ നിർമ്മിക്കുന്നതിനു മുൻപ് പ്രചാരം ലഭിച്ചത് കൂടയും മറ്റും മെടയുന്നതിനാവണം. പ്രാചീന ഈജിപ്തിൽ പരുത്തി, സിൽക്ക്, കമ്പിളി എന്നിവ കൊണ്ടുണ്ടാക്കിയ വസ്ത്രങ്ങൾ ഉപയോഗിച്ചിരുന്നതായി രേഖകളുണ്ട്. 3000 ബി.സി.യോടെ ഇന്ത്യയിലും പരുത്തി തുണിത്തരങ്ങൾ നിർമിച്ചു തുടങ്ങിയെന്നു കരുതപ്പെടുന്നു. ഈ കാലഘട്ടവുമായി ബന്ധപ്പെട്ട ചൈനീസ് രേഖകളിൽ സിൽക്കുത്പാദനത്തെക്കുറിച്ചും പരാമർശങ്ങൾ കാണുന്നു.പ്രാചീന കാലത്ത് അതതു പ്രദേശത്തെ കലാസാംസ്കാരിക സമ്പ്രദായങ്ങൾ പ്രതിഫലിപ്പിക്കുന്ന തരത്തിലാണ് തുണിത്തരങ്ങൾ നിർമിച്ചിരുന്നത്.

ചായം മുക്കൽ ആദ്യകാലം തൊട്ടേ നിലവിലുണ്ടായിരുന്നു. ബി.സി. രണ്ടാം ശതാബ്ദത്തിലെ റോമാ സാമ്രാജ്യാവശിഷ്ടങ്ങളിൽ നിന്ന്, ചായം മുക്കിയ തുണിത്തരങ്ങൾ, കണ്ടെത്തിയിട്ടുണ്ട്. ചൈനയിലെ താങ് രാജവംശത്തിന്റെ ഭരണകാലത്ത് (618-907 ഏ.ഡി.) നിർമിച്ച സിൽക്കു തുണികൾ ചായം മുക്കി വർണമനോഹരമാക്കപ്പെട്ടവയാണ്. പ്രാചീന ഈജിപ്ത്, പേർഷ്യ, ഇന്ത്യ എന്നിവിടങ്ങളിലും നിറം പിടിപ്പിച്ച തുണിത്തരങ്ങൾ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. മധ്യകാലത്തോടെ മനോഹരമായ പരവതാനികളും മറ്റും തുർക്കികൾ നിർമിച്ചു തുടങ്ങി. ക്രമേണ പരുത്തി വ്യവസായം ഒരു കുടിൽ വ്യവസായം എന്ന രീതിയിൽ ആഗോള വ്യാപകമായിത്തീരുകയും ചെയ്തു. പക്ഷേ 18-ാം ശ.-ത്തിൽ വ്യാവസായിക വിപ്ളവത്തിന്റെ ആരംഭത്തോടെ ശാസ്ത്രീയ രീതികളും തുണി നിർമ്മാണത്തിൽ സ്വീകരിക്കപ്പെട്ടുതുടങ്ങി. ആദ്യകാലത്ത് ലഘു എൻജിനീയറിങ് ഉപകരണങ്ങളും മറ്റും ഇതിനായി നിർമിച്ചിരുന്നു. എങ്കിലും നാരിന്റെ (ഫൈബെറിന്റെ) ഘടനയേയും സ്വഭാവവിശേഷങ്ങളെയുംകുറിച്ചുള്ള അറിവ് പരിമിതമായതുകൊണ്ട് ഫലപ്രദമായ ശാസ്ത്രീയ രീതികൾ ശരിക്കും രൂപപ്പെടുത്താനായില്ല. 19-ാം ശ.-ത്തിന്റെ അവസാനത്തോടെയാണ് നാരുകളുടെ രാസ/ഭൌതിക സ്വഭാവവിശേഷങ്ങളെപ്പറ്റി കൂടുതൽ അറിവ് ലഭിച്ചത്. ഇരുപതാം നൂറ്റാണ്ടിൽ ഇലക്ട്രോണിക്സിന്റേയും കമ്പ്യൂട്ടറിന്റേയും ആവിർഭാവത്തോടെ ടെക്സ്റ്റൈൽ ഗവേഷണത്തിലും വികസനത്തിലും നൂതന എൻജിനീയറിംഗ്/ഭൗതിക സങ്കേതങ്ങൾ ഉപയോഗിച്ചു തുടങ്ങി. കൃത്രിമ നാരിന്റെ കണ്ടുപിടിത്തമാണ് ഇവയിൽ ഏറ്റവും പ്രധാനം. ഇന്ന് വ്യത്യസ്ത ഘടനയും സ്വഭാവ വിശേഷങ്ങളും ഉള്ള തുണിത്തരങ്ങളും നാരുകളും നിർമ്മിക്കപ്പെടുന്നുണ്ട്. കാർഡിങ് വഴിയുള്ള സിൽവർ നിർമ്മാണം

പ്രകൃതിദത്തമോ കൃത്രിമമോ ആയ ഫിലമെന്റുകളും നാരുകളും ചേർന്നാണ് തുണിയുടെ നിർമ്മാണത്തിനാവശ്യമായ നൂല് നിർമ്മിക്കുന്നത്. അനവധി നാരുകൾ ചേർത്ത് പിരിച്ച് നൂല് നിർമ്മിക്കാം; നാരുകൾ ഒന്നിച്ചു ചേർത്ത് നൂല് തയ്യാറാക്കാം. ഇവ കൂടാതെ ഒറ്റ നാരുകൊണ്ടോ അല്ലെങ്കിൽ കടലാസ്, ലോഹ-ഫോയിൽ (metal foil) തുടങ്ങിയ പദാർഥങ്ങൾ മുറിച്ചെടുത്ത് അവ പിരിച്ചോ (പിരിക്കാതെയും) നൂല് നിർമ്മിക്കാറുണ്ട്. നൂലിന്റെ സ്വഭാവവിശേഷങ്ങൾക്കനുസൃതമായിരിക്കും അതുപയോഗിച്ചുണ്ടാക്കുന്ന തുണിത്തരത്തിന്റെ രൂപവും ഇഴ ഗുണവും (texture).

Post a Comment

0 Comments

Close Menu