എന്താണ് ആഗോളവത്ക്കരണം ?

സാമ്പത്തിക, സാമൂഹിക, സാങ്കേതിക, സാംസ്കാരിക , രാഷ്ട്രീയ മണ്ഡലങ്ങളിൽ ലോകത്തിലെ രാജ്യങ്ങൾ തമ്മിലുള്ള പരസ്പര ബന്ധമാണ് ആഗോളവത്കരണം. പലപ്പോഴും മറ്റുമണ്ഡലങ്ങളിലേക്കാളും ഉപരിയായി സാമ്പത്തിക മേഖലകളിലുള്ള ഒത്തുചേരലാണ് ആഗോളവത്കരണം പ്രതിനിധീകരിക്കുന്നത്.

ആഗോളവത്കരണം ഒന്നിലധികം ഉപവിഷയങ്ങളാൽ നയിക്കപ്പെടുന്ന ഒരു പ്രവർത്തനമാണ്. കൂടുതൽ പരസ്പര സാമ്പത്തിക സഹായം, സാംസ്കാരികമായ പരസ്പര സ്വാംശീകരണം, വിവര സാങ്കേതിക വിദ്യയുടെ അതിപ്രഭാവം, ആഗോള രാഷ്ട്രീയം ലോകത്ത് ചെലുത്തുന്ന സ്വാധീനം മുതലായവയൊക്കെ ആഗോളവത്കരണത്തിനു കാരണമാവുകയോ ആഗോളവത്കരണം അവയ്ക്ക് കാരണമാവുകയോ ചെയ്യുന്നു. ആഗോളവത്കരണത്തിന്റെ ഫലമായി രാജ്യങ്ങളുടെ നില സാമ്പത്തികമാ‍യി മെച്ചപ്പെടാറുണ്ടെങ്കിലും, അതോടൊപ്പം സാമൂഹികമായ അസന്തുലിതയും, ദാരിദ്ര്യവും കൂടിവരികയും ചെയ്യുന്നു.

ചരിത്രപരമായി നോക്കിയാൽ ആഗോളവത്കരണവും അതിന്റെ അവിഭാജ്യഘടകമായ ആഗോളക്രമവും പല ഘട്ടങ്ങളിലൂടെയാണ് വളർന്നു വികസിച്ചതും സ്ഥിരപ്രതിഷ്ടനേടിയതും എന്ന് കാണാം.

കൊളംബസ്സിന്റെ വിഖ്യാത നാവികപര്യടനം മുതൽ ഇരുപതാം നൂറ്റാണ്ടിന്റെ പകുതിവരെ ലോകത്തു നിലനിന്നിരുന്ന പ്രതിഭാസമാണ് കോളനിവത്കരണം. പാശ്ചാത്യലോകത്തിലെ വ്യാപാര, മൂലധന, സാങ്കേതിക, രാഷ്ട്രീയ ശക്തികൾ ഏഷ്യ, ആഫ്രിക്ക, ലത്തീൻ അമേരിക്ക എന്നീ ഭൂപ്രദേശങ്ങളിൽ വന്ന് കച്ചവടം വഴിയും ആയുധബലം കൊണ്ടും നയപരമായ ഇടപെടലുകൾ വഴിയും ആ പ്രദേശങ്ങളിലെ ജനസമൂഹങ്ങളുടെമേൽ അധികാരം സ്ഥാപിച്ച് കടുത്ത ചൂഷണം അഴിച്ചുവിട്ടു. ഈ കാലഘട്ടത്തിന്റെ തുടക്കത്തിൽ അടിമക്കച്ചവടം എന്ന സമ്പ്രദായം കോളനിവത്കരണത്തിന്റെ മുഖമുദ്രയായിരുന്നു.

കോളനിവാഴ്ചയുടെ ചൂഷണം അസഹനീയമായപ്പോൾ, അതിനെതിരായി ജനമുന്നേറ്റങ്ങൾ ഉണ്ടായി. കോളനിവാഴ്ചയിൽനിന്നും ഇന്ത്യ മോചിതമായതോടെ അതിന്റെ സ്വാധീനത്തിൽ ഏഷ്യയിലെ മറ്റുള്ള രാജ്യങ്ങളിലും, ആഫ്രിക്കൻ, ലത്തീൻ അമേരിക്കൻ ഭൂഖണ്ഡങ്ങളിലും ദേശീയത്വത്തിന്റെ അലകൾ ആഞ്ഞടിച്ചു. രാഷ്ട്രീയസ്വാതന്ത്ര്യത്തിനൊപ്പം, സാമ്പത്തിക സ്വാതന്ത്യ്രവും ലക്ഷ്യമിട്ടുകൊണ്ടുള്ള മുന്നേറ്റങ്ങൾ ഉണ്ടായി. കോളനിവത്കരണത്തിന്റെ അന്ത്യം തെളിഞ്ഞുവന്നു.

Post a Comment

0 Comments

Close Menu