നൂൽ നൂൽപ്പ് അഥവാ നൂല്‌നിർമ്മാണം

സിൽക്ക് പോലുള്ള മനുഷ്യനിർമിത നാരുകളുടെ ഫിലമെന്റിന് ധാരാളം നീളം ഉള്ളതിനാൽ അവയെത്തന്നെ നൂലാക്കി മാറ്റാനാകും. പക്ഷേ, ചണം, പരുത്തി എന്നിവ പോലെ നീളം കുറഞ്ഞ സ്റ്റാപ്പിൾ (staple) നാരുകൊണ്ട് നൂൽ നിർമ്മിക്കണമെങ്കിൽ നൂൽക്കുക തന്നെ വേണം. കനം കുറഞ്ഞതും മൃദുവുമായിരിക്കും ഫിലമെന്റിൽ നിന്നു ലഭിക്കുന്ന നൂലുകൾ; എന്നാൽ നാരുകളിൽ നിന്നുണ്ടാക്കിയ നൂലുകൾ കനമേറിയതും പരുപരുത്തതുമായിരിക്കും.

പ്രകൃതിദത്ത നാരുകളെ ആദ്യമായി ശുദ്ധീകരിക്കേണ്ടതുണ്ട്. നാരിന്റെ സ്വഭാവത്തിനു ചേർന്ന രാസപദാർഥങ്ങൾ ശുദ്ധീകരണത്തിനായി ഉപയോഗിക്കുന്നു. പ്രകൃതിദത്ത നാരുകൾ വ്യത്യസ്ത നീളത്തിലും തരത്തിലും വരുന്നതിനാൽ വിവിധ തരം നാരുകളെ കൂട്ടിക്കലർത്തി ആവശ്യമായ പതം വരുത്തുക പതിവാണ്. 'ബ്ളെൻഡിങ്' (കൂട്ടിക്കലർത്തൽ) എന്ന ഈ പ്രക്രിയയിലൂടെ നീളം, സാന്ദ്രത, ജലാംശം മുതലായവ സമാന തരത്തിലുള്ള നാരുകൾ തയ്യാറാക്കാനാകുന്നു. അതുപോലെ വ്യത്യസ്ത നാരുകൾകൊണ്ട് നൂൽ നിർമ്മിക്കേണ്ട സന്ദർഭങ്ങളിലും കൂട്ടിക്കലർത്തൽ ആവശ്യമായിവരും. സമാന രീതിയിൽ നിർമ്മിക്കപ്പെടുന്ന കൃത്രിമ നാരുകൾക്ക് ഇതാവശ്യമില്ല. തുടർന്ന് നാരുകളെ 'കാർഡിങ്' പ്രക്രിയയ്ക്ക് വിധേയമാക്കുന്നു. നാരുകളിലെ മാലിന്യങ്ങൾ നീക്കം ചെയ്യാനും അവ സമാന്തരമായി അടുക്കാനുമുള്ള സംവിധാനമാണിത്. വളരെ കനം കുറഞ്ഞ പാളീ രൂപത്തിലാണ് 'കാർഡിങ്' കഴിഞ്ഞ നാരുകൾ ലഭിക്കുക. ഇവയെ ഘനീഭവിപ്പിച്ച് സൃഷ്ടിക്കുന്ന തുടർ സ്ട്രാൻസ് ആണ് 'സിൽവർ' എന്നറിയപ്പെടുന്നത്. ഇതിന് കനവും ഉണ്ടായിരിക്കും. ചില ആവശ്യങ്ങൾക്ക് നീളമുള്ള നാരുകൾ അടങ്ങിയ 'സിൽവർ' തന്നെ വേണ്ടിവരും. ഇത്തരം ഘട്ടങ്ങളിൽ 'സിൽവറി'ൽ നിന്ന് നീളം കുറവായ നാരുകളെ നീക്കം ചെയ്യാനായി 'കോംമ്പിങ്' നടപടി സ്വീകരിക്കുന്നു.


നാരുകളെ വലിച്ചു നീട്ടി പരസ്പരം ദൃഢമായി ബന്ധിപ്പിച്ച് പിരിച്ച് നൂലാക്കി മാറ്റുന്ന പ്രക്രിയയാണിത്. നീളക്കുറവുള്ള നാരുകൾ കൊണ്ട് വസ്ത്രം ഉണ്ടാക്കുന്നതിന് ഈ പ്രക്രിയ അത്യന്താപേക്ഷിതമാണ്.നൂൽ നൂൽക്കാനായി മധ്യകാലം വരെ ഡിസ്റ്റാഫും (നൂൽ ചുറ്റുന്ന കോൽ) സ്പിൻഡിലും (നൂൽ പിരിക്കുന്നതിനുള്ള ഉപകരണം) ആണ് ഉപയോഗിച്ചിരുന്നത്. നൂൽക്കേണ്ട നാരുകളെ ഡിസ്റ്റഫിൽ ചുറ്റിയ ശേഷം സ്പിൽഡിലുപയോഗിച്ച് പിരിച്ച് നൂലാക്കി മാറ്റുകയായിരുന്നു പതിവ്. പക്ഷേ, മധ്യകാലത്ത് ഇന്ത്യയിൽ ചർക്ക കണ്ടുപിടിച്ചതോടെ യന്ത്ര സഹായത്താൽ കുറഞ്ഞ സമയം കൊണ്ട് നൂൽ നൂൽക്കാമെന്നായി. നൂലിന്റെ കനം കുറഞ്ഞ സ്ഥലങ്ങളിൽ കൂടുതൽ നാരുകൾ ചേർത്ത് കനം കൂട്ടാനും കട്ടിയേറിയ ഭാഗങ്ങളെ വലിച്ചു നീട്ടി കനം കുറയ്ക്കാനും ചർക്ക സൗകര്യപ്രദമായി. അങ്ങനെ മെച്ചപ്പെട്ടതും ഒരേ രീതിയിലുള്ളതുമായ നൂൽ നിർമിച്ചു തുടങ്ങി. 16-ാം ശ.-ത്തിൽ സാക്സണി ചക്രം (saxony wheel) കണ്ടുപിടിച്ചതോടെ പരുപരുത്ത കമ്പിളിയും പരുത്തിയും തുടർച്ചയായി കൂടുതൽ വേഗത്തിൽ നൂൽക്കാൻ കഴിഞ്ഞു. ജോൺ കെ, ഫ്ളൈയിങ് ഷട്ടിൽ കണ്ടുപിടിച്ചതോടെ (1733), നെയ്ത്തു യന്ത്രത്തിന്റെ വേഗവും വർധിപ്പിക്കാൻ സാധിച്ചു. ഇതേത്തുടർന്ന് നൂൽ നൂൽക്കാനുള്ള പുതിയ യന്ത്രസംവിധാനങ്ങളും ഉണ്ടായി. ഇവയിൽ ഏറ്റവും പ്രചാരം ലഭിച്ച യന്ത്രം 1779-ൽ സാമുവൽ ക്രോംപ്ടൺ (Samuel Crompton) കണ്ടുപിടിച്ച മ്യൂൾ (പഞ്ഞി നൂൽക്കുന്ന ഉപകരണം) ആണ്. ഇതുപയോഗിച്ച് ഒരു വ്യക്തിക്ക് ഒരേ സമയം ആയിരത്തിലേറെ സ്പിൻഡിലുകൾ കൈകാര്യം ചെയ്യാൻ കഴിയും. നൂലിലെ പിരിയുടെ ചരിവിനനുസൃതമായി നൂലുകളെ S-രൂപത്തിലുള്ള പിരിയുള്ളവയെന്നും (S-twist) Z-രൂപത്തിലുള്ള പിരിയുള്ളവയെന്നും (Z-twist) തരം തിരിക്കുന്നു (ചിത്രം 1 കാണുക).

Post a Comment

0 Comments

Close Menu