എന്താണ് വാഷിംഗ്ടൺ സമവായം?

ആഗോളവത്കരണം വ്യാപനം ചെയ്യുന്നതിൽ മുൻകൈയെടുക്കുന്ന ഒന്നാണു വാഷിങ്ടൺ സമവായം. ഈ സമവായം ഒരു കൂട്ടായ്മയാണ്. ഇതിന്റെ പിറകിൽ ഉള്ളത് അമേരിക്കൻ ട്രെഷറി (ധനമന്ത്രാലയം), ഓഹരിക്കമ്പോളമായ വാൾ സ്ട്രീറ്റ്, അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ്, മൾട്ടിനാഷണൽ കമ്പനികൾ, ആഗോളമൂലധന-പണക്കമ്പോളത്തിൽ ചൂതാട്ടം കളിക്കുന്ന സംഘങ്ങൾ, ഐ.എം.എഫ്., ലോകബാങ്ക് എന്നിവയാണ്. 1980-കളിൽ ലത്തീൻ അമേരിക്കയിലുണ്ടായ കടക്കെണിയും സാമ്പത്തികപ്രതിസന്ധിയും തകർച്ചയും നേരിടാനാണ് ആദ്യമായി വാഷിങ്ടൺ സമവായം ഉയർന്നുവന്നത്. സാമ്പത്തിക അച്ചടക്കം, ചെലവു ചുരുക്കൽ, സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കുന്ന ബജറ്റ് - ധനനയം, നികുതിപരിഷ്കാരം, പലിശനിരക്ക് കുറച്ച് പലിശ ഘടനയിൽ വരുത്തുന്ന ഉദാരവത്കരണം, മത്സരാധിഷ്ഠിതമായ വിദേശനാണ്യവിനിമയനിരക്കു സമ്പ്രദായം, വിദേശവ്യാപാരത്തിൽ ഉദാരവത്കരണം, സ്വതന്ത്രമൂലധന-പണചലനം, എല്ലാ മേഖലകളിൽനിന്നും സ്റ്റേറ്റ് നിയന്ത്രണങ്ങൾ എടുത്തുകളയൽ, വസ്തുക്കൾ, ആസ്തികൾ എന്നിവയിൽ ഉണ്ടാകുന്ന അവകാശത്തിനു പൂർണസ്വാതന്ത്യ്രവും പരിരക്ഷയും, എല്ലാ മേഖലകളിലും സ്വകാര്യവത്കരണം, വിപണി ശക്തികൾ നിർണയിക്കുന്ന വിലകൾ എന്നിവയൊക്കെ വാഷിങ്ടൺ സമവായത്തിന്റെ അടിസ്ഥാനഘടകങ്ങളാണ്. വികസ്വരരാജ്യങ്ങളുടെ പ്രശ്നങ്ങളുടെ അടിസ്ഥാനകാരണങ്ങളോ സാമൂഹികരാഷ്ട്രീയ ഘടനയോ സംസ്കാരമോ ഒന്നും പരിശോധിക്കാതെയാണ് ഈ നിർദ്ദേശങ്ങൾ നൽകിയിട്ടുള്ളത്. ഇതിന്റെയടിസ്ഥാനത്തിൽ ഐ.എം.എഫിനെയും, ലോകബാങ്കിനെയും മെറ്റ്സ്ലർ സമിതി റിപ്പോർട്ടിൽ (Metzler Committee Report) നിശിതമായി വിമർശിച്ചിട്ടുണ്ട്.

വാഷിങ്ടൺ സമവായത്തിന്റെ പേരിൽ സാമ്പത്തിക പരിഷ്കാരങ്ങളും ആഗോളവത്കരണവും വിജയിക്കണമെങ്കിൽ ഭരണക്രമം, മനുഷ്യാവകാശം, ജനാധിപത്യം, രാഷ്ട്രീയം എന്നീ മേഖലകളിലും ജനോപകാരപ്രദമായ പരിഷ്കാരങ്ങൾ ഉണ്ടാകണമെന്ന വാദം ഉയർന്നുവന്നിട്ടുണ്ട്. ഇതിൽ മറ്റെന്തിനെക്കാളും അടിസ്ഥാനസ്ഥാപന പരിഷ്കാരങ്ങൾക്ക് (Basic Institutional Reforms) പ്രാധാന്യം നൽകിയിരിക്കുന്നു. സ്റ്റേറ്റിന്റെയും, ഭരണകൂടത്തിന്റെയും, ജനപ്രതിനിധിസഭയുടെയും, നീതിന്യായപീഠത്തിന്റെയും, ആസ്തി-വരുമാന-വിതരണഘടനയുടെയും, ജനാധിപത്യത്തിന്റെയും മൗലികപരിഷ്കാരങ്ങൾക്ക് മുൻഗണന നൽകുന്നു. ഇവയുടെ ആത്യന്തികലക്ഷ്യംതന്നെ ആഗോളവത്കരണം എന്ന പ്രതിഭാസത്തിന് ലോകക്രമത്തിൽ സ്ഥിരപ്രതിഷ്ഠ നൽകുക എന്നതാണ്.

ആഗോളവത്കരണത്തിനെതിരെയുള്ള ജനരോഷം വ്യാപകമായിട്ടുണ്ട്. അതിന്റെ ഫലമായി കുറെയധികം പുതിയ നടപടികൾ സ്വീകരിക്കാൻ ആഗോളവത്കരണത്തിന്റെ വക്താക്കൾ നിർബന്ധിതരായിട്ടുണ്ട്. ഐ.എം.എഫ്., ലോകബാങ്ക്, തുടങ്ങിയ അന്താരാഷ്ട്ര സ്ഥാപനങ്ങളെ ദരിദ്രജനങ്ങളോടും പാർശ്വത്കരിക്കപ്പെട്ട വിഭാഗങ്ങളോടും അനുകമ്പയുള്ളവയാക്കി മാറ്റാനും അവരുടെ ഘടനയും പ്രവർത്തനവും ജനാധിപത്യവത്രിക്കാനും ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. ജനനന്മയും, ക്ഷേമവും ലക്ഷ്യമിട്ടുകൊണ്ടുള്ള ആഗോളക്രമം സൃഷ്ടിച്ചെടുക്കാൻ യു.എൻ.ഡി.പി. മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ ഇവയാണ്.

Post a Comment

0 Comments

Close Menu