യോഗ പഠനം ഭാഗം 5 - വിവിധ യോഗാസനമുറകൾ

യോഗാഭ്യാസത്തിൽ ഏതൊരു സാധാരണക്കാരനും യോഗാസനങ്ങൾക്കാണ് മുൻതൂക്കം നൽകുന്നത്. പ്രകൃതിയിലെ ജീവജാലങ്ങളുടെ ചലനങ്ങളെ അടിസ്ഥാനമാക്കിയാണ് ആസനമുറകൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ശരീരത്തിന്റെ അഞ്ചു നിലകളിലായാണ് ഇവ പരിശീലിക്കുന്നത്,

 1. നിന്നു കൊണ്ട് ചെയ്യുന്ന ആസനങ്ങൾ.
 2. ഇരുന്നു കൊണ്ട് ചെയ്യുന്നവ.
 3. കാൽമുട്ടുകളിൽ നിന്നു കൊണ്ട് ചെയ്യുന്നവ.
 4. കമിഴ്ന്ന് കിടന്നു കൊണ്ട് ചെയ്യുന്നവ.
 5. മലർന്ന് കിടന്നു കൊണ്ടു ചെയ്യുന്നവ എന്നിങ്ങനെ.

രാവിലെ സൂര്യോദയത്തിന് തൊട്ടു മുൻപു തുടങ്ങി 2 മണിക്കൂറും വൈകിട്ട് സൂര്യാസ്തമനത്തിന് 2 മണിക്കൂർ മുൻപ് തുടങ്ങി അസ്തമയത്തിൽ അവസാനിപ്പിക്കുകയും ചെയ്യുന്നതായിരിക്കും യോഗ പരിശീലിക്കുവാനുള്ള ഉത്തമമായ സമയം. ദേഹശുദ്ധി വരുത്തിയതിനു ശേഷം പരിശീലനം ആരംഭിക്കാം.

ആദ്യമായി ലഘു വ്യായാമങ്ങൾ ചെയ്ത് ശരീരത്തിനെ യോഗാഭ്യാസത്തിനായി സജ്ജമാക്കുക. ലഘു വ്യായാമങ്ങളിൽ കാലിലെ പെരുവിരൽ തുടങ്ങി ശീർഷം വരെ ഉഴിയേണ്ടതാണ്, അതായത് അംഗ പ്രത്യംഗം ചലിപ്പിക്കേണ്ടതാണ്. അതിനു ശേഷം ഒന്നാമത്തെ നിലയിൽ - നിന്നു കൊണ്ട് തുടങ്ങാം. ആദ്യമായി.


1. താഡാസനം

നട്ടെല്ലിനെ വലിച്ചു നീട്ടി നിൽക്കുന്നതാണ് ഈ ആസനം.

ചെയ്യുന്ന വിധം

 • പാദങ്ങൾ ചേർത്തു വയ്ച്ച് കൈകൾ ശരീരത്തോട് ചേർത്തു വയ്ച് പാദങ്ങൾ തറയിൽ ഉറപ്പിച്ചു നിൽക്കുക.
 • ശ്വാസം എടുത്തു കൊണ്ട് കാലിന്റെ പെരുവിരലിൽ ഉയർന്നു നിൽക്കുക.
 • ശരീരം നന്നായി വലിച്ചുയർത്താൻ ശ്രമിക്കുക.
 • 10 സെക്കന്റുകൾക്ക് ശേഷം ശ്വാസം പൂർണമായും വിട്ടു കൊണ്ട് പൂർവ്വ സ്ഥിതിയിലേക്ക് വരിക.
 • ആവർത്തിക്കുക. ഇത്തവണ കാലിന്റെ പെരുവിരലിൽ ഉയരുന്നതിനൊപ്പം കൈകൾ മുന്നിലൂടെ മുകളിലേക്ക് ഉയർത്തുക.
 • കൈപ്പത്തികൾ അഭിമുഖമായി വരത്തക്കവിധം കൈകൾ ചെവിയിൽ സ്പർശിച്ചിരിക്കും വിധം ഉയർത്തി നിൽക്കുക.
 • ശ്വാസം ഉള്ളിലേക്കെടുത്തു കൊണ്ട് ശരീരം നല്ലതുപോലെ വലിച്ചു നീട്ടുക.
 • ശ്വാസം വിട്ടു കൊണ്ട് പൂർവ്വസ്ഥിതിയിലേക്ക് വരിക.
 • കൈപ്പത്തികൾ തലക്കു മുകളിൽ പുറം തിരിച്ച് വച്ചു കൊണ്ട് ആവർത്തിക്കുക.
 • കൈവിരലുകൾ കൊരുത്തു കൊണ്ട് കൈപ്പത്തികൾ മലർത്തി തലക്കു മുകളിൽ ഉയർത്തി ആവർത്തിക്കുക.

പ്രയോജനം

ശ്വാസകോശങ്ങൾക്ക് ബലവും വികാസവും ലഭിക്കുന്നു. നട്ടെല്ലിനും ഹൃദയത്തിനും ബലം ലഭിക്കുന്നു. സ്ത്രീകൾക്ക് ആർത്തവചക്രം ക്രമപ്പെടുത്തുവാൻ സഹായിക്കുന്നു. ഉദര പേശികളെ ബലപ്പെടുത്തി കുടലുകൾക്ക് വികാസം ഉണ്ടാക്കുന്നു. ശരീരത്തിന് ഉണർവ്വ് നൽകുന്നു.

2. അർദ്ധ ചക്രാസനം

അരക്കെട്ടുമുതൽ മുകളിലേക്ക് അർദ്ധശരീരത്തിനെ അർദ്ധവൃത്താകൃതിയിൽ വളയ്ച്ചു നിൽക്കുന്നതാണ് ഈ ആസനം.

ചെയ്യുന്ന വിധം

 • കാൽപ്പാദങ്ങൾ 10 സെ.മീ. അകലത്തിൽ തറയിൽ ഉറപ്പിച്ചു നിൽക്കുക.
 • കൈകൾ നട്ടെല്ലിന്റെ വശങ്ങളിലായി പുറകുവശത്ത് ചേർത്തു വയ്ക്കുക.
 • ശ്വാസം ഉള്ളിലേക്കെടുത്തു കൊണ്ട് അരക്കെട്ടിൽ നിന്നും ശരീരം പുറകിലേക്ക് വളയ്ക്കുക.
 • ശ്വാസം വിട്ടു കൊണ്ട് ശരീരം മുന്നിലേക്ക് വളച്ച് ഭൂമിക്ക് സമാന്തരമായി തല മുകളിലേക്ക് ഉയർത്തി നിൽക്കുക.
 • 10 സെക്കന്റുകൾക്ക് ശേഷം ശ്വാസം ഉള്ളിലേക്കെടുത്തു കൊണ്ട് നിവർന്നു വരിക.
 • ശ്വാസം വിട്ടു കൊണ്ട് കൈകൾ താഴ്ത്തിയിടുക.

പ്രയോജനം

ശരീരത്തിന് പൂർണമായും വഴക്കം ലഭിക്കുന്നു. വൻകുടൽ, നട്ടെല്ലിന്റെ ഭാഗത്തുള്ള പേശികൾ, നാഡികൾ, നിതംബം, കാൽമുട്ട്, തുട, വാരിയെല്ല് എന്നിവയെ ബലപ്പെടുത്തി ഈ ഭാഗങ്ങളുമായി ബന്ധപ്പെട്ടു വരുന്ന അസുഖങ്ങളെ പരിഹരിക്കുന്നു.

അടുത്ത അദ്ധ്യായത്തിൽ അർദ്ധകടി ചക്രാസനവും പാദ ഹസ്താസനവും പരിചയപ്പെടാം.

Post a Comment

0 Comments

Close Menu