യോഗ പഠനം ഭാഗം 7 - വൃക്ഷ ത്രികോണ വീരഭദ്ര ആസനങ്ങള്‍

 വിവിധ യോഗാസനമുറകൾ പരിചയപ്പെടുത്തുകയും അത് ചെയ്യുന്ന രീതികളും അതുകൊണ്ടുള്ള പ്രയോജനങ്ങളും വിവരിക്കുകയും ചെയ്യുന്ന പരമ്പര തുടരുന്നു.

 1. വൃക്ഷാസനം

ശരീരത്തിന്റെ തുലനാവസ്ഥയെ പൂർണ നിയന്ത്രണത്തിൽ കൊണ്ടുവരാൻ സഹായിക്കുന്ന ആസനമാണിത്.


ചെയ്യുന്ന വിധം

 • ഇരുകാലുകളും ചേർത്ത് വയ്ച്ച് കൈകൾ ശരീരത്തിനോട് ചേർത്തു വയ്ച്ച് നിവർന്നു നിൽക്കുക
 • വലതുകാൽ ഉയർത്തി ഇടതുകാലിന്റെ തുടക്ക ഭാഗത്ത് ഉപ്പൂറ്റി അമർത്തി വിരലുകൾ താഴേക്ക് വരത്തക്കവിധം ചവുട്ടി ഉറപ്പിച്ചു നിർത്തുക
 • കൈകൾ സാവധാനം ശ്വാസം ഉള്ളിലേക്കെടുത്തു കൊണ്ട് തലയ്ക്കു മുകളിലായി കൂപ്പി തൊഴുതു നിൽക്കുക
 • കൈകൾ പരമാവധി ഉയരത്തിൽ പരസ്പരം കൈപ്പത്തികൾ ചേർന്നു നിൽക്കണം
 • ശ്വാസം പുറത്തേക്ക് വിട്ടു കൊണ്ട് പൂർവ്വസ്ഥിതിയിലേക്ക് വരിക
 • ശ്വാസം പുറത്തേക്ക് വിട്ടു കൊണ്ട് കൈകൾ താഴ്ത്തി കാലും താഴ്ത്തി പൂർവ്വസ്ഥിതിയിലേക്ക് വരിക

 • ഇടതുകാൽ ഉയർത്തി ആവർത്തിക്കുക

പ്രയോജനങ്ങൾ

ശരീരത്തിന് തുലനാവസ്ഥ പ്രദാനം ചെയ്യുന്നു. അന്തസ്രാവ ഗ്രന്ഥിയായ പിറ്റുവിറ്ററി ഗ്രന്ഥിയെ ഉണർത്തി വളർച്ചയെ സഹായിക്കുന്നു. കണ്ണ്, ചെവി, കൈകാലുകൾ ഇവയുടെ ബന്ധം ദൃഢപ്പെടുത്തി ശരീരത്തിനും മനസ്സിനും ഏകാഗ്രത കൈവരുത്തുന്നു. കാലുകൾക്ക് ശകതി പകരുന്നു

തലവേദനയുള്ളവരും അധിക രക്തസമ്മർദ്ദമുള്ളവരും ഈ ആസനം ചെയ്യുവാൻ പാടില്ല.


 1. ത്രികോണാസനം

തോളെല്ലുകൾക്ക് ഉറപ്പും ചലനശേഷിയും പ്രദാനം ചെയ്യുന്നതാണ് ഈ ആസനം.

ചെയ്യുന്ന വിധം

 • ഇരുകാലുകളും തറയിൽ രണ്ടടി അകലത്തിലായി ഉറപ്പിച്ചു നിർത്തുക.
 • കൈകൾ രണ്ടും ഇരുവശങ്ങളിലേക്കും തോളിനൊപ്പം ഉയർത്തി നീട്ടി പിടിക്കുക.
 • ശ്വാസം പുറത്തേക്ക് വിട്ടുകൊണ്ട് വലതു കൈപത്തി വലതുകാലിനു പുറത്തും ഇടതു കൈപ്പത്തി നേരേ മുകളിലേക്കും വരത്തക്കവിധം വലതു വശത്തേക്ക് ചരിയുക.
 • തല മുകളിലേക്ക് ചരിച്ചിട്ട് നോട്ടം ഉയർന്നു നിൽക്കുന്ന കൈപ്പത്തിയുടെ ഉള്ളിലേക്കാക്കുക.
 • ശ്വാസം ഉള്ളിലേക്ക് എടുത്തു കൊണ്ട് പൂർവ്വസ്ഥിതിയിലേക്ക് വരിക.
 • ഇതേ ചലനങ്ങൾ ഇടതു വശത്തേക്കും ചെയ്യുക.

പ്രയോജനങ്ങൾ

തോളെല്ലും കഴുത്തും തമ്മിലുള്ള സന്ധി ബന്ധങ്ങളിൽ പ്രയാസം അനുഭവപ്പെടുന്നവർക്ക് ആശ്വാസമേകുന്നതാണ് ഈ ആസനം.


 1. വിപരീത ത്രികോണാസനം

ത്രികോണാസനത്തിന് സമാനമായ മറ്റൊരാസനമാണിത് വിപരീത ത്രികോണാസനം.

ചെയ്യുന്ന വിധം

 • ത്രികോണാസനത്തിലേതുപോലെ തന്നെയാണ് വിപരീത ത്രികോണാസനത്തിലും. ആകെ ഒരു വ്യത്യാസം മാത്രമുള്ളത് വലതു കൈ ഇടതുകാലിലേക്കും ഇടതു കൈ വലതുകാലിലേക്കുമാണ് എത്തിക്കേണ്ടത് എന്നതാണ്.

പ്രയോജനവും ത്രികോണാസനത്തിലേതു പോലെത്തന്നെയാണ്

 1. വീരഭദ്രാസനം

ചെയ്യുന്ന വിധം

 • ഇരുകാലുകളും മൂന്നടി അകലത്തിൽ ഉറപ്പിച്ചു നിർത്തുക.
 • കൈകൾ രണ്ടും തോളുകൾക്ക് സമമായി ഇരുവശത്തേക്കും നിവർത്തി പിടിക്കുക.
 • ശ്വാസം വിട്ടു കൊണ്ട് വലതു കാൽപ്പത്തി വലത്തേക്ക് തിരിച്ചിട്ട് ശരീരം പൂർണമായും വലത്തേക്ക് 180° തിരിക്കുക.
 • സാവധാനം കൈകൾ രണ്ടും അടുപ്പിച്ച് കൊണ്ടുവരിക, ഒപ്പം വലത്തേ കാൽമുട്ട് 90° വളച്ച് ശരീരം പരമാവധി താഴേക്ക് കൊണ്ടുവരിക.
 • കൈപ്പത്തികൾ ചേർത്തു വയ്ച്ച് മുകളിലേക്ക് ഉയർത്തി ചെവിയോട് ചേർത്തു വയ്ച്ച് ശരീരം പരമാവധി പിറകിലേക്ക് വളച്ചു് നിൽക്കുക.
 • കൈകൾ താഴ്ത്തി ശരീരം ഉയർത്തി പൂർവ്വസ്ഥിതിയിലേക്ക് വരിക.
 • അടുത്ത വശത്തേക്ക് ആവർത്തിക്കുക.

പ്രയോജനങ്ങൾ

നെഞ്ചിന്റെ വികാസത്തിന് ഈ ആസനം ഉത്തമമാണ്. പിടലിവേദന, പുറംവേദന എന്നിവയ്ക്ക് ആശ്വാസം നൽകുന്നു. കാലുകൾക്ക് പേശീബലം വർദ്ധിപ്പിക്കുന്നു. ഇടുപ്പിലെ അമിത മേദസ്സ് കുറയ്ക്കുന്നു. ഇരുന്ന് ജോലി ചെയ്യുന്നവർക്ക് നട്ടെല്ലു സംബന്ധമായ അസുഖങ്ങളെ കുറയ്ക്കുന്നു. ഏകാഗ്രത വർദ്ധിക്കുന്നു.

 1. വീര്യസ്തംഭാസനം

ചെയ്യുന്ന വിധം

 • ഇരുകാലുകളും മൂന്നടി അകലത്തിലായി തറയിൽ ഉറപ്പിക്കുക.
 • ഇരു കൈകളുംചെവിയോട് ചേർത്ത് തലയ്ക്കു മുകളിലായി ഉയർത്തുക.
 • വലതുകാൽ വലത്തേക്ക് തിരിച്ചിട്ട് കൈപ്പത്തികൾ കാലിനു സമീപത്ത് സമാന്തരമായി തറയിൽ ഉറപ്പിക്കുക.
 • ശ്വാസം വിട്ടു കൊണ്ട്‌ തല കൈപ്പത്തിയുടെ മുകളിലായി സ്പർശിക്കുക.
 • ശ്വാസം എടുത്തു കൊണ്ട് കൈകളും തലയും ഉയർത്തിപൂർവ്വസ്ഥിതിയിലാകുക.
 • ഇടതുകാലിന്റെ വശത്തേക്കും ആവർത്തിക്കുക.

പ്രയോജനങ്ങൾ

ഇടുപ്പെല്ലുകൾക്ക് നല്ല വികാസം കിട്ടുന്നുണ്ട്. അരക്കെട്ടിലെ മേദസ്സ് കുറച്ച് നട്ടെല്ലിന് സൗഖ്യം പ്രദാനം ചെയ്യുന്നു.

പാദ ശീർഷാസനം, നടരാജാസനം, ഗരുഡാസനം, ഗജാനനാസനം എന്നിവയെക്കുറിച്ച് അടുത്ത അദ്ധ്യായത്തിൽ പരിചയപ്പെടാം.

Post a Comment

0 Comments

Close Menu