യോഗ പഠനം ഭാഗം 8 - മൈഗ്രേൻ സ്പോണ്ടിലൈറ്റിസ് മാറ്റാം

 വിവിധ യോഗാസനമുറകൾ പരിചയപ്പെടുത്തുകയും അത് ചെയ്യുന്ന രീതികളും അതുകൊണ്ടുള്ള പ്രയോജനങ്ങളും വിവരിക്കുകയും ചെയ്യുന്ന പരമ്പര തുടരുന്നു.

 1. പാദ ശീർഷാസനം

ചെയ്യുന്ന വിധം

 • ഇരുകാലുകളും മൂന്നടി അകലത്തിലായി വയ്ക്കുക.
 • കൈകൾ പുറകിലേക്ക് വലിച്ചു പിടിക്കുക.
 • വലത്തേക്കാൽ വലതു വശത്തേക്ക് തിരിച്ചിട്ട് ശ്വാസം വിട്ടു കൊണ്ട് സാവധാനം തല കാലിന്റെ മുന്നിലായി നെറ്റി തറയിൽ സ്പർശിക്കുക.
 • വലതുകാൽ മുട്ട് ഈ സമയം 90°യിലായിരിക്കണം.
 • ശ്വാസം എടുത്തു കൊണ്ട് സാവധാനം ഉയർന്ന് പൂർവ്വസ്ഥിതിയിലാകുക.
 • ഇടതുവശത്തേക്ക് ആവർത്തിക്കുക.

പ്രയോജനങ്ങൾ

തലച്ചോറിലേക്കുള്ള രകതത്തിന്റെ ഒഴുക്ക് കൂട്ടുന്നു. തലവേദന, മൈഗ്രേൻ തുടങ്ങിയ അസുഖങ്ങൾ മാറാൻ ഫലപ്രദമായ ആസനമാണിത്. കാഴ്ചശകതി വർദ്ധിക്കുന്നു. കാലുകൾക്ക് പേശീബലം വർദ്ധിക്കുന്നു. നട്ടെല്ലു സംബന്ധമായ അസുഖങ്ങളെ കുറയ്ക്കുന്നു.

 1. നടരാജാസനം

ചെയ്യുന്ന വിധം

 • ഇരു കൈകളും ശരീരത്തിനോട് ചേർത്തു വയ്ച്ച് കാലുകൾ പരസ്പരം ചേർത്തു വയ്ച്ച് നിവർന്നു നിൽക്കുക.
 • വലതുകൈ ചിൻമുദ്രയിൽ വയ്ച്ച് മുന്നിലേക്ക് നീട്ടി പിടിക്കുക.
 • വലതു ചെവി കൈയ്യോട് ചേർന്നു വരത്തക്കവിധം അരക്കെട്ട് മുന്നോട് വളക്കുക.
 • ഈ സ്ഥിതിയിൽ ഇടതുകാൽ പുറകിലേക്ക് ഉയർത്തി ഇടതു കൈ കൊണ്ട് കാൽക്കുഴയിൽ പിടിച്ചിട്ട് ഏകദേശം കൈയുടെ നിലയിൽത്തന്നെ ഉയർത്തുക.
 • ഇപ്പോൾ വലതുകാലിൽ പൂർണമായും ശരീരം താങ്ങി ഭൂമിക്ക് സമാന്തരമായി ചിൻമുദ്രയിലുള്ള വലതു കൈയിലേക്ക് ദൃഷ്ടി ഉറപ്പിക്കുക.
 • തുടർന്ന് കൈകളും കാലും താഴ്ത്തി പൂർവ്വസ്ഥിതിയിലാവുക.
 • ഇടതു കാൽ തറയിൽ ഉറപ്പിച്ച് ആവർത്തിച്ച് ചെയ്യുക.പ്രയോജനങ്ങൾ

കഴുത്തുഭാഗത്തെ നട്ടെല്ലുസംബന്ധമായ സ്പൊണ്ടെലൈറ്റിസ് അസുഖമുള്ളവർക്ക് വളരെ വേഗം രോഗം സുഖപ്പെടുന്നു. ശരീരത്തിന്റെ സംതുലനാവസ്ഥയെ മെച്ചപ്പെടുത്തുന്നു.

 1. ഗരുഡാസനം

ചെയ്യുന്ന വിധം

 • ഇരുകാലുകളും നിലത്ത് ഉറപ്പിച്ച് കൈകൾ ശരീരത്തോട് ചേർത്തു വയ്ച്ച് കാലുകൾ പരസ്പരം ചേർത്ത് വയ്ച്ച് നട്ടെല്ല് നിവർത്തി നിൽക്കുക.
 • വലത്തേ കാൽ മുട്ട് കുറച്ച് മടക്കി, ഇടത്തേ കാൽ മുന്നിലൂടെ വലത്തേ കാലിനെ ചുറ്റി പാദം മുന്നിലെത്തിക്കുക.
 • ഇരു കൈകളും ശരീരത്തിന്റെ മുന്നിലായി മുട്ടുകൾ വളച്ച് മുകളിലേക്ക് വയ്ക്കുക. ഇപ്പോൾ തോൾമുതൽ കൈമുട്ടുവരെ ഭൂമിക്ക് സമാന്തരമായും, മുട്ടിൽ നിന്നും മുകളിലേക്ക് ഹസ്തം ഉയർന്നും നിൽക്കണം.
 • ഇടതു കൈയുടെ ഭുജം വലതുകൈയ്യെ ചുറ്റി ഹസ്തങ്ങൾ പരസ്പരം ചേർത്ത് കൂപ്പി മൂക്കിനു മുൻപിലായി നിർത്തണം.
 • കൈകളും കാലുകളും പിണഞ്ഞിരിക്കുന്ന ഈ അവസ്ഥയാണ് ഗരുഡാസനം. ശ്വാസഗതി സാധാരണ രീതിയിൽ മാത്രം.
 • കാലുകളും കൈകളും പരസ്പരം മാറ്റി ആവർത്തിക്കുക.

പ്രയോജനങ്ങൾ

ഗരുഡാസനം ശരീരത്തിന്റെ സംതുലനാവസ്ഥയെ പുഷ്ടിപ്പെടുത്തുന്ന ആസനങ്ങളിലൊന്നാണ്. പ്രമേഹരോഗികളിൽ. അമിതമായ പ്രമേഹനിലയെ ക്രമപ്പെടുത്തുന്നു

 1. ഗജാനനാസനം

ചെയ്യുന്ന വിധം

 • ഇരുകാലുകളും മൂന്നടി അകലത്തിലായി വയ്ച്ച് കൈകൾ ശരീരത്തോട് ചേർത്തു വയ്ച്ച് നിവർന്നു നിൽക്കുക.
 • ശ്വാസം ഉള്ളിലേക്കെടുത്ത് കൈൾ ഇരു വശങ്ങളിലൂടെ ഉയർത്തി കഴിയുന്നത്ര പിന്നിലേക്ക് വളയുക.
 • ശ്വാസം വിട്ടു കൊണ്ട് കൈപ്പത്തികൾ ചേർത്ത് കൂപ്പി മുന്നിലേക്ക് അരക്കെട്ടുകൊണ്ട് വളയുക.
 • കൈകൾ കാലുകൾക്കിടയിലൂടെ പിറകിലേക്ക് എത്തിച്ച് മുകളിലേക്ക് ലക്ഷ്യം വയ്ക്കുക, അതേസമയം തല കഴിയുന്നത്ര താഴ്ത്തി ഭൂമിയോട് എറ്റവും അടുത്തായി നിർത്തുക.
 • അഞ്ചു നിമിഷം ഈ നിലയിൽ തുടർന്നതിനു ശേഷം പൂർവ്വസ്ഥിതിയിലേക്ക് വരിക.

പ്രയോജനങ്ങൾ

ശരീരത്തിലെ രക്തചംക്രമണ വ്യവസ്ഥയെ ത്വരിതപ്പെടുത്തുന്നു.

അടുത്ത അദ്ധ്യായത്തിൽ വജ്രാസനം,, ശശാങ്കാസനം, ഉഷ്ട്രാസനം എന്നീ യോഗാസനങ്ങളെ പരിചയപ്പെടാം.,

Post a Comment

0 Comments

Close Menu